top of page

ആരാധനകൾ അതിരുകടക്കുമ്പോൾ

Writer's picture: MENTX MENTX

നമ്മുടെ പുതുതലമുറയിൽപെട്ട ഒരു വിഭാഗം ആളുകൾ സഞ്ചരിക്കുന്നത് എവിടേക്കാണെന്ന പേടിയോടെയാണ് ഇത് എഴുതുന്നത്. കഴിഞ്ഞദിവസം മീഡിയവൺ നടത്തിയ പരിപാടിയിൽ ശ്രീ.അഭിലാഷ് പറഞ്ഞ വാക്കുകൾ നാമോരോരുത്തരും വളരെയധികം ഇരുത്തി ചിന്തിക്കേണ്ടതാണ്. വിവേകത്തിന് പകരം വികാരം മാത്രം ഉള്ള ഒരു കൂട്ടം ആളുകൾ നമ്മുടെ ഇടയിൽ വളർന്നു വന്നുകൊണ്ടിരിക്കുന്നത് സമൂഹത്തിന് വലിയ വിപത്ത് തന്നെയാണ്. പേടിപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ഈ വാർത്തയ്ക്ക് താഴെ പല സമൂഹ മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്ന കമൻറുകൾ ആണ്.


കമൻറുകളിൽ ഭൂരിപക്ഷവും ഒരുപോലെ പറയുന്നത് നിയമം എല്ലാവർക്കും ബാധകമാണ് എന്നതാണ്. അതെ, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. കുറച്ചുപേർ നിയമലംഘനം നടത്തുന്നു എന്നത് മറ്റുള്ളവർക്ക് കൂടി നിയമലംഘനം നടത്താനുള്ള ലൈസൻസ് ആയത് എന്നാണ്??


ആരെങ്കിലും നിയമം ലംഘിക്കുന്നണ്ടെങ്കിൽ ആ തെറ്റ് ചൂണ്ടിക്കാട്ടി അവർക്ക് വേണ്ട ശിക്ഷ ലഭിക്കാൻ നിയമപരമായി മുന്നോട്ട് പോവുകയല്ലേ വേണ്ടത്?? അതിനുപകരം ഞങ്ങളും തെറ്റ് ചെയ്യും, ഞങ്ങളോട് ആരും ചോദിക്കരുത് എന്ന് അഹങ്കാരത്തോടെ പറയുന്ന ഒരു കൂട്ടം ആളുകൾ ഉയർന്നുവരുന്നത് എത്ര ഭീതിജനകമാണ്.


മറ്റൊരു കമൻറ് കെഎസ്ആർടിസി, പോലീസ്, പിങ്ക് പോലീസ് പട്രോൾ തുടങ്ങിയ വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നുണ്ട്, എന്തുകൊണ്ട് ഞങ്ങളുടെ വാഹനങ്ങൾ മോഡിഫൈ ചെയ്തുകൂടാ എന്ന ചോദ്യമാണ്. എമർജൻസി വാഹനങ്ങളും അതുപോലെതന്നെ മേൽപ്പറഞ്ഞ വാഹനങ്ങളും ആളുകൾ തിരിച്ചറിയാൻ വേണ്ടിയാണ് ഇത്തരം മോഡിഫിക്കേഷനുകൾ ചെയ്യുന്നത്. അതിന് പ്രത്യേകമായി നിയമങ്ങളും ഉണ്ട്, അത് അറിയാത്തതുകൊണ്ടാണോ ഇവരെല്ലാം ഇങ്ങനെ തർക്കിക്കുന്നത്?? ആംബുലൻസിനു സൈറൺ വെക്കുന്നതും മോഡിഫിക്കേഷൻ അല്ലേ എന്ന് ചോദിക്കുന്ന അത്രയും തരംതാണ് പോയ ചിന്താഗതി ഉള്ളവർ നമുക്കിടയിൽ ഇന്നുമുണ്ട് എന്നത് നിരാശാജനകമാണ്.


മറ്റൊരു വസ്തുത എന്തെന്നാൽ നമ്മളുടെ മേൽ നിയമലംഘനത്തിന് പിഴ ചുമത്തിയാൽ ലൈവ് ആയി സോഷ്യൽ മീഡിയകളിൽ നിയമത്തെ അധിക്ഷേപിക്കുകയാണോ ചെയ്യേണ്ടത്. പിഴ ചുമത്തിയത് എന്തിനാണെന്ന് മനസ്സിലാക്കുകയും അത് ന്യായം ആണെങ്കിൽ അത് അടയ്ക്കുവാൻ, അല്ലെങ്കിൽ ഒത്തുതീർപ്പാക്കുവാൻ അല്ലേ ശ്രമിക്കേണ്ടത്. ഇനി അതിനും കഴിയുന്നില്ലെങ്കിൽ നിയമപരമായി നേരിടാൻ സാധിക്കില്ലെ?? ഒരു ദിവസം കൊണ്ട് ലോകം അവസാനിക്കുകയൊന്നുമില്ലല്ലോ.


നാട്ടിലെ നിയമവ്യവസ്ഥ പ്രകാരം ഒന്നും ഞങ്ങൾക്ക് ജീവിക്കാൻ സൗകര്യം ഇല്ല എന്നുള്ള ഒരു ധ്വനി ഇതിലെല്ലാം ഉയർന്നുവരുന്നില്ലേ? നിയമങ്ങൾ തെറ്റാണ്, നിയമങ്ങൾ ലംഘിക്കുന്നവരെ ശിക്ഷിക്കുന്നില്ല എന്നെല്ലാം അലമുറയിടുന്ന എത്രപേർ നിയമങ്ങൾ പാലിക്കാൻ ഈ വ്യഗ്രത കാണിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിയമവ്യവസ്ഥിതികൾ എല്ലാം തന്നെ നമ്മുടെ സമൂഹത്തിൽ നിന്ന് എടുത്തു മാറ്റുവാൻ വേണ്ടിയാണ് പുതുതലമുറയിലെ ഒരു വിഭാഗം ആളുകൾ ശ്രമിക്കുന്നത്. എന്നാൽ ഈ നിയമങ്ങൾ എല്ലാം തന്നെ എടുത്തു കളഞ്ഞാൽ നമ്മുടെ സമൂഹത്തിൻ്റെഅവസ്ഥ എന്തായിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?


ഇത്രയും നിയമങ്ങൾ ഉണ്ടായിട്ടും തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടാതെ പോകുന്നുവെങ്കിൽ, നിലവിലുള്ള നിയമ വ്യവസ്ഥിതികളെ പുനർ പരിശോധിക്കുകയും, നിയമങ്ങൾ ശക്തമാക്കുകയും, ആ നിയമങ്ങളെ കൃത്യതയോടെ കൂടി നടപ്പിലാക്കാൻ ശ്രമിക്കുകയും അല്ലേ വേണ്ടത്. ഇതിനെല്ലാം എതിരെ നമുക്ക് നല്ല രീതിയിൽ സംഘടിക്കാൻ കഴിയില്ലേ??? ഏറ്റവും വിഷമകരമായി തോന്നിയ ഒരു കാര്യം, 'പിഞ്ചുകുഞ്ഞിനെ പോലും പീഡിപ്പിക്കുന്ന ആളുകൾ സുഖമായി കഴിയുന്നില്ലേ പിന്നെ എന്തുകൊണ്ട് ഞങ്ങൾക്ക് മോഡിഫിക്കേഷൻ ചെയ്തുകൂടാ?' എന്ന ചോദ്യമാണ്. ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നവരുടെ മനസ്സാക്ഷി എത്രത്തോളം വികലമാണ്. ഈ പ്രതിഷേധം ഇത്തരം കേസുകൾ ഉയർന്നു വരുന്ന സമയത്ത് നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ എത്രയോ പേർക്ക് നീതി ലഭിക്കുമായിരുന്നു??


സമൂഹം ഒറ്റക്കെട്ടായി നിന്ന് നേരിടേണ്ട എത്രയോ പ്രശ്നങ്ങൾ ദിനംപ്രതി വാർത്തകളിൽ വന്നു പോകുന്നു. അത്തരം പ്രശ്നങ്ങൾക്ക് വേണ്ടി നിങ്ങൾക്ക് ഒന്നിച്ച് സംഘടിച്ചു കൂടെ?


സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി കഠിനമായ സത്യാഗ്രഹങ്ങളും സംഘടനാ പ്രവർത്തനങ്ങളും നടന്നിരുന്ന നമ്മുടെ ഈ നാട്ടിലാണ്, ചർച്ചചെയ്യപ്പെടേണ്ട അനേകം വിഷയങ്ങൾ മാറ്റിനിർത്തിക്കൊണ്ട് കേവലം ബാലിശമായ ഒരു ലൈവിൻ്റെ പേരിൽ കേരളം കത്തിക്കും എന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകൾ ഉയർന്നുവരുന്നത്. ഒന്നു ചിന്തിക്കുന്ന ആർക്കും മനസ്സിലാക്കാവുന്ന കാര്യമേയുള്ളൂ, പക്വതയോടെ അവർ ഒന്ന് പെരുമാറിയിരുന്നെങ്കിൽ ഇത്ര വലിയൊരു പ്രശ്നം ഇന്ന് ഉണ്ടാകുമായിരുന്നില്ല. ഈ സാഹചര്യം ഇത്രയും പ്രകോപിതമായതിന് പിന്നിലെ കാരണം അന്ധമായ ആരാധന മനോഭാവമാണ്. ആരെങ്കിലും ഒരു സമൂഹമാധ്യമത്തിലൂടെ എന്തെങ്കിലും പറഞ്ഞാൽ അത് അതുപോലെതന്നെ വിഴുങ്ങുന്ന ഒരു വിഭാഗം ആളുകൾ ഇന്നും നമുക്കിടയിൽ ഉണ്ട്. ആർമികൾ എന്നും ഫാൻ ക്ലബ്ബുകളെന്നും പേരിട്ടു ഇവർ അവരുടേതായ ന്യായങ്ങളും നിയമങ്ങളും സൃഷ്ടിക്കുന്നു.


എന്നാൽ തങ്ങൾ അന്ധമായി ആരാധിക്കുന്ന ആളുകൾ പറയുന്ന വാക്കുകൾ വിവേകത്തോടെ ചിന്തിച്ച് അതിലെ തെറ്റും ശരിയും വിവേചിച്ചറിയാനുള്ള കഴിവ് പലർക്കും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അന്ധമായ ആരാധന, അത് എന്തിനോടാണെങ്കിലും ആപത്ത് തന്നെയാണ്.


ഇൻസ്റ്റഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഫാൻ ക്ലബ്ബുകളും ആർമികളും തുറന്നുവെച്ച് തങ്ങളുടെ ആരാധനാപാത്രത്തിനെ ആരെങ്കിലും വിമർശിച്ചാൽ ഉടനെ വാളെടുക്കാൻ നിൽക്കുന്ന ആളുകൾ ആലോചിക്കേണ്ട ഒരു കാര്യമുണ്ട് നിങ്ങൾക്ക് ഒരേയൊരു ജീവിതമേ ഉള്ളൂ. ആ ജീവിതത്തിലെ വിലപ്പെട്ട സമയം അനാവശ്യമായ കാര്യങ്ങൾക്ക് ചെലവഴിക്കാതെ നിങ്ങളുടെ സമയവും, കേരളം കത്തിക്കാൻ പോലും കഴിയുന്ന നിങ്ങളുടെ സംഘടനാശക്തിയും, നിങ്ങളുടെയും സമൂഹത്തിൻ്റെയും നന്മയ്ക്ക് വേണ്ടി വിനിയോഗിക്കുക.


രാഷ്ട്രീയവും നിയമവ്യവസ്ഥിതികളും നമ്മുടെ സമൂഹത്തിൻ്റെയും ഓരോ വ്യക്തിയുടേയും പുരോഗതിക്ക് അത്യന്താപേക്ഷികം തന്നെയാണ്. എന്നാൽ അവ എന്താണെന്ന് തിരിച്ചറിയണമെങ്കിൽ അന്ധമായ ആരാധന ഉപേക്ഷിച്ചു സ്വയം ജീവിതത്തെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് ഇക്കൂട്ടർ വളർത്തിയെടുക്കണം.


നമ്മൾ പ്രതിഷേധിക്കുക തന്നെ വേണം, സംഘടിക്കുക തന്നെ വേണം... പക്ഷേ അത് ഇത്തരം ബാലിശമായ കാര്യങ്ങൾക്കല്ല. യുവതലമുറ അഭിസംബോധന ചെയ്യേണ്ട ഒട്ടേറെ പ്രശ്നങ്ങൾ നമ്മുടെ നാട്ടിലുണ്ട് അതിനെതിരായി ഒറ്റക്കെട്ടായി നമ്മൾ സംഘടിക്കണം.

11 views0 comments

Comments


Post: Blog2_Post

Subscribe Form

Thanks for submitting!

©2020 by The HappineX World. Proudly created with Wix.com

bottom of page